അടിമാലി: യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയെന്ന് പോലീസിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് എത്തിയ സന്ദേശം പോലീസിനെ മണിക്കൂറുകളോളം വട്ടംകറക്കി.
കാർ ഉടമയെ കണ്ടെത്തിയപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടത്. ആനച്ചാൽ ടൗണിൽ കഴിഞ്ഞ 31ന് ഉച്ചകഴിഞ്ഞാണ് പോലീസിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് ഒരു ടാക്സി ഡ്രൈവറുടെ ഫോണ്‍ സന്ദേശമെത്തിയത്.
ആനച്ചാല്‍ ടൗണില്‍നിന്ന് യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഫോൺ സന്ദേശം. ഇതോടെ മൂന്നാര്‍, വെള്ളത്തൂവല്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളിലായി പരിശോധന തുടങ്ങി. അന്വേഷണത്തിനൊടുവിൽ കാറിന്റെ നമ്പര്‍ കണ്ടെത്തി ചിത്തിരപുരം സ്വദേശിയുടേതാണ് കാറെന്ന് തിരിച്ചറിഞ്ഞു. പോലീസ്, കാർ ഉടമയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടത്.
ആനച്ചാൽ ടൗണിൽ കാറിൽനിന്നിറങ്ങുന്നതിനിടെ ഡോറിൽ തട്ടി വാഹന ഉടമയുടെ ഭാര്യ അബദ്ധത്തിൽ റോഡിലേക്ക് വീഴുകയായിരുന്നു. വല്ലാതെ പരിഭ്രാന്തനായ കാറുടമ ഭാര്യയെ ധൃതിയിൽ കോരിയെടുത്ത് കാറിനുള്ളിലാക്കി ആശുപത്രിയിൽ എത്തിക്കാൻ വാഹനം അതിവേഗം ഓടിച്ചുപോയി.
ഇതു കണ്ടുനിന്ന ഒരു ടാക്സി ഡ്രൈവറാണ് തെറ്റിദ്ധരിച്ച് തട്ടിക്കൊണ്ടുപോയെന്ന് പോലീസിനു സന്ദേശമയച്ചത്.